ദയയുടെ പ്രവൃത്തികൾ
ഗർഭച്ഛിദ്രം സംഭവിച്ചു മാസങ്ങൾക്കുശേഷം, വലേരി താൻ വാങ്ങിയ സാധനങ്ങൾ വില്ക്കുവാൻ തീരുമാനിച്ചു. ഏതാനും മൈലുകൾ അകലെ താമസിക്കുന്ന അയൽവാസിയും കരകൗശലവിദഗ്ധനുമായ ജെറാൾഡ്, അവൾ വിൽക്കുന്ന കുഞ്ഞൻ തൊട്ടിൽ കൗതുകത്തോടെ വാങ്ങി. അവിടെ വെച്ച് ജെറാൾഡിന്റെ ഭാര്യ വലേരിയുമായി സംസാരിക്കുകയും അവളുടെ നഷ്ടത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. വീട്ടിലേക്കുള്ള വഴിയിൽ അവളുടെ അവസ്ഥയെക്കുറിച്ച് കേട്ടതിന് ശേഷം, വലേരിക്ക് ഒരു സ്മരണിക തയ്യാറാക്കുന്നതിനായി തൊട്ടിൽ ഉപയോഗിക്കാൻ ജെറാൾഡ് തീരുമാനിച്ചു. ഒരാഴ്ചയ്ക്കു ശേഷം, അവൻ കണ്ണീരോടെ അവൾക്ക് മനോഹരമായ ഒരു ബെഞ്ച് സമ്മാനിച്ചു. ''നല്ല ആളുകളുണ്ട്, ഇതാണതിന്റെ തെളിവ്,'' വലേരി പറഞ്ഞു.
വലേരിയെപ്പോലെ, രൂത്തിനും നൊവൊമിക്കും വലിയ നഷ്ടം സംഭവിച്ചു. നൊവൊമിയുടെ ഭർത്താവും രണ്ട് ആൺമക്കളും മരിച്ചിരുന്നു. ഇപ്പോൾ അവൾക്കും അവളുടെ നിർഭാഗ്യവതിയായ മരുമകൾ രൂത്തിനും അവകാശികളോ, അവരെ പരിപാലിക്കാൻ ആളുകളോ ഇല്ല (രൂത്ത് 1:1-5). അവിടെയാണ് ബോവസ് ഇടപെട്ടത്. വയലിൽ വീണുകിടക്കുന്ന ധാന്യങ്ങൾ പെറുക്കാൻ രൂത്ത് ഒരു വയലിൽ വന്നപ്പോൾ ഉടമയായ ബോവസ് അവളെക്കുറിച്ച് ചോദിച്ചു. അവൾ ആരാണെന്ന് അറിഞ്ഞപ്പോൾ അവൻ അവളോട് ദയ കാണിച്ചു (2:5-9). ആശ്ചര്യഭരിതയായ രൂത്ത് ചോദിച്ചു, “നീ എന്നെ വിചാരിപ്പാൻ തക്കവണ്ണം നിനക്കു എന്നോടു ദയതോന്നിയതു എങ്ങനെ?” (വാ. 10). അവൻ മറുപടി പറഞ്ഞു, “നിന്റെ ഭർത്താവു മരിച്ചശേഷം അമ്മാവിയമ്മെക്കു നീ ചെയ്തിരിക്കുന്ന ... വിവരമൊക്കെയും ഞാൻ കേട്ടിരിക്കുന്നു” (വാ. 11).
ബോവസ് പിന്നീട് രൂത്തിനെ വിവാഹം കഴിക്കുകയും നൊവൊമിയെ സംരക്ഷിക്കുകയും (അദ്ധ്യായം 4) ചെയ്തു. അവരുടെ വിവാഹത്തിലൂടെ, ദാവീദിന്റെയും യേശുവിന്റെയും ഒരു പൂർവ്വപിതാവ് ജനിച്ചു. മറ്റൊരാളുടെ ദുഃഖത്തെ രൂപാന്തരപ്പെടുത്തുന്നതിനു സഹായിക്കാൻ ദൈവം ജെറാൾഡിനെയും ബോവസിനെയും ഉപയോഗിച്ചതുപോലെ, വേദനയിൽ മറ്റുള്ളവരോട് ദയയും സഹാനുഭൂതിയും കാണിക്കാൻ അവനു നമ്മിലൂടെ പ്രവർത്തിക്കാൻ കഴിയും.
നമ്മുടെ തിരഞ്ഞെടുപ്പുകൾ പ്രധാനമാണ്
യു.എസ്.എ.യിലെ ന്യൂജേഴ്‌സിയിലുള്ള ഒരു നീന്തൽ പരിശീലകൻ, നെവാർക്ക് ബേയിൽ ഒരു കാർ മുങ്ങുന്നത് കണ്ടു. കാർ പെട്ടെന്ന് ചെളിവെള്ളത്തിൽ മുങ്ങിയപ്പോൾ ഡ്രൈവർ 'എനിക്ക് നീന്താൻ അറിയില്ല' എന്ന് അലറുന്നത് കേട്ടു. ഒരു ജനക്കൂട്ടം കരയിൽ നോക്കിനിൽക്കെ, ആന്റണി അരികിലെ പാറകളിലേക്ക് ഓടി, കൃത്രിമ കാൽ നീക്കം ചെയ്തു, അറുപത്തെട്ടുകാരനെ രക്ഷപ്പെടുത്തിാനായി വെള്ളത്തിലേക്കു ചാടി. ആന്റണിയുടെ നിർണ്ണായക പ്രവർത്തനത്തിലൂടെ ഒരു മനുഷ്യൻ രക്ഷപ്പെട്ടു.
നമ്മുടെ തിരഞ്ഞെടുപ്പുകൾ പ്രധാനമാണ്. തന്റെ പതിനേഴു വയസ്സുള്ള മകൻ യോസേഫിനെ പരസ്യമായി അനുകൂലിച്ച, നിരവധി ആൺമക്കളുടെ പിതാവായ ഗോത്രപിതാവായ യാക്കോബിനെക്കുറിച്ചു ചിന്തിക്കുക. അവൻ ഭോഷത്തമായിട്ടാണെങ്കിലും യോസേഫിന് ഒരു 'നിലയങ്കി' ഉണ്ടാക്കിക്കൊടുത്തു (ഉല്പത്തി 37:3). ഫലമോ? യോസേഫിന്റെ സഹോദരന്മാർ അവനെ വെറുത്തു (വാ. 4); അവസരം ലഭിച്ചപ്പോൾ അവർ അവനെ അടിമയായി വിറ്റു (വാ. 28). യോസേഫിന്റെ സഹോദരന്മാർ അവനെ ഉപദ്രവിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും യോസേഫ് ഈജിപ്തിൽ എത്തിയതിനാൽ, ഏഴ് വർഷത്തെ ക്ഷാമകാലത്ത് യാക്കോബിന്റെ കുടുംബത്തെയും മറ്റു പലരെയും സംരക്ഷിക്കാൻ ദൈവം അവനെ ഉപയോഗിച്ചു(കാണുക 50:20). പോത്തിഫറിന്റെ ഭാര്യയുടെ മുമ്പിൽ മാന്യതദ സൂക്ഷിക്കാനും ഓടിപ്പോകുവാനുമുള്ള യോസേഫിന്റെ തീരുമാനമായിരുന്നു കാര്യങ്ങളെ ശരിയായ നിലയിൽ ചലിപ്പിച്ചത് (39:1-12). അനന്തരഫലം തടവറയും (39:20) പിന്നീട് ഫറവോനുമായുള്ള കൂടിക്കാഴ്ചയുമായിരുന്നു (അധ്യായം 41).
പരിശീലനത്തിന്റെ പ്രയോജനം ആന്റണിക്ക് ഉണ്ടായിരുന്നിരിക്കാം, പക്ഷേ അദ്ദേഹത്തിന് ഇപ്പോഴും ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നു. നാം ദൈവത്തെ സ്‌നേഹിക്കുകയും അവനെ സേവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ, ജീവനെ രക്ഷിക്കുന്നതും ദൈവത്തെ ബഹുമാനിക്കുന്നതുമായ തിരഞ്ഞെടുപ്പുകൾ നടത്താൻ അവൻ നമ്മെ സഹായിക്കുന്നു. നാം ഇതുവരെ അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ, യേശുവിൽ വിശ്വസിച്ചുകൊണ്ട് നമുക്ക് ഇപ്പോൾ ആരംഭിക്കാം.
ഉറക്കെ ചിരിക്കുക
അമേരിക്കൻ ഹാസ്യനടനും എഴുത്തുകാരനുമായ ജോൺ ബ്രാന്യൻ പറഞ്ഞു, ''നാമല്ല ചിരി ആലോചിച്ചുണ്ടാക്കിയത്; അത് നമ്മുടെ ആശയമായിരുന്നില്ല. ജീവിതത്തിലൂടെ കടന്നുപോകാൻ ഞങ്ങൾക്ക് അത് ആവശ്യമാണെന്ന് അറിയാമായിരുന്ന [ദൈവം] അത് നമുക്ക് നൽകി. [കാരണം] നമുക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്ന് അവനറിയാമായിരുന്നു, പോരാട്ടങ്ങൾ ഉണ്ടാകുമെന്ന് അവനറിയാമായിരുന്നു, അവനറിയാമായിരുന്നു. . . പ്രശ്‌നങ്ങൾ സംഭവിക്കുമെന്ന്. . . . ചിരി ഒരു വരദാനമാണ്.''
ദൈവം സൃഷ്ടിച്ച സൃഷ്ടികളെ ഒന്ന് വീക്ഷിക്കുന്നതുപോലും ചിരിയുണ്ടാക്കും. അവരുടെ വിചിത്ര രീതികൾ നമ്മെ ചിരിപ്പിക്കും (താറാവിന്റെ ചുണ്ടുള്ള പ്ലാറ്റിപസ് അല്ലെങ്കിൽ തമാശക്കാരനായ ഓട്ടറുകൾ പോലുള്ളവ). സമുദ്രത്തിൽ വസിക്കുന്ന സസ്തനികളെയും പറക്കാൻ കഴിയാത്ത നീണ്ട കാലുകളുള്ള പക്ഷികളെയും ദൈവം സൃഷ്ടിച്ചു. ദൈവത്തിന് നർമ്മബോധമുണ്ട്; നാം അവന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ നമുക്കും ചിരിയുടെ ആനന്ദമുണ്ട്.
ചിരി എന്ന വാക്ക് നമ്മൾ ആദ്യം കാണുന്നത് അബ്രഹാമിന്റെയും സാറയുടെയും കഥയിലാണ്. ഈ വൃദ്ധ ദമ്പതികൾക്ക് ദൈവം ഒരു കുഞ്ഞിനെ വാഗ്ദത്തം ചെയ്തു: "നിന്റെ ഉദരത്തിൽനിന്നുപുറപ്പെടുന്നവൻ തന്നേ നിന്റെ അവകാശിയാകും" (ഉല്പത്തി 15:4). ദൈവം അരുളിച്ചെയ്തു: ''നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതിഇങ്ങനെ ആകും'' (വാ. 5). ഒടുവിൽ തൊണ്ണൂറാമത്തെ വയസ്സിൽ സാറ പ്രസവിച്ചപ്പോൾ, അബ്രഹാം അവരുടെ മകന് യിസഹാക്ക് എന്ന് പേരിട്ടു, അതിനർത്ഥം 'ചിരി' എന്നാണ്. സാറ ഉദ്‌ഘോഷിച്ചതുപോലെ, "ദൈവം എനിക്കു ചിരിയുണ്ടാക്കി; കേൾക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും" (21:6). തന്റെ വാർദ്ധക്യത്തിൽ ഒരു കുഞ്ഞിനെ മുലയൂട്ടാൻ കഴിയുന്നത് അവളെ അത്ഭുതപ്പെടുത്തി! താൻ പ്രസവിക്കുമെന്ന് കേട്ടപ്പോൾ അവൾക്കുണ്ടായ സംശയത്തിന്റെ ചിരിയെ (18:12) ദൈവം കേവല സന്തോഷത്തിന്റെ ചിരിയാക്കി മാറ്റി.
ചിരി സമ്മാനിച്ചതിന് ദൈവത്തിന് നന്ദി!
ചെറിയ ദയാവായ്പുകൾ
പല നേഴ്‌സിംഗ് ഹോമുകളിൽ പ്രവർത്തിക്കുന്ന വിസിറ്റിംഗ് നഴ്‌സായി അമാൻഡ ജോലി ചെയ്യുന്നു. പലപ്പോഴും തന്റെ പതിനൊന്ന് വയസ്സുള്ള മകൾ റൂബിയെ അവൾ കൂടെ കൊണ്ടുവരുന്നു. എന്തെങ്കിലും ചെയ്യാൻവേണ്ടി, റൂബി അന്തേവാസികളോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി, “നിങ്ങൾക്ക് മൂന്ന് കാര്യങ്ങൾ ലഭിക്കുമെന്നുണ്ടെങ്കിൽ, നിങ്ങൾ എന്ത് ആവശ്യപ്പെടും?” അവരുടെ ഉത്തരങ്ങൾ അവൾ നോട്ട്ബുക്കിൽ രേഖപ്പെടുത്തുന്നു. അതിശയകരമെന്നു പറയട്ടെ, അവരുടെ ആഗ്രഹങ്ങളിൽ പലതും ചെറിയ കാര്യങ്ങൾക്കു വേണ്ടിയായിരുന്നു: ചിക്കൻ, ചോക്കലേറ്റ്, ചീസ്, പഴങ്ങൾ. അവരുടെ ലളിതമായ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാനായി റൂബി ഒരു GoFundMe സ്ഥാപിച്ചു. അവൾ സാധനങ്ങൾ നൽകുമ്പോൾ, അവൾ അവരെ ആലിംഗനം ചെയ്യുന്നു. അവൾ പറയുന്നു, “ഇതു നിങ്ങളെ ഉയർത്തുന്നു. അത് ശരിക്കും അങ്ങനെ ചെയ്യുന്നു.’’
റൂബിയെപ്പോലെ നാം മനസ്സലിവും ദയയും കാണിക്കുമ്പോൾ, “കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ള’’ (സങ്കീർത്തനം 145:8) നമ്മുടെ ദൈവത്തെ നാം പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ടാണ് അപ്പൊസ്തലനായ പൗലാസ്, ദൈവജനമെന്ന നിലയിൽ നാം, “മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ’’ ധരിക്കാൻ (കൊലൊസ്യർ 3:12) ഉദ്‌ബോധിപ്പിച്ചത്. ദൈവം നമ്മോട് വലിയ മനസ്സലിവു കാണിച്ചതിനാൽ, മറ്റുള്ളവരുമായി അവന്റെ മനസ്സലിവു പങ്കിടാൻ നാം സ്വാഭാവികമായും ആഗ്രഹിക്കുന്നു. നാം മനഃപൂർവം അങ്ങനെ ചെയ്യുമ്പോൾ, നാം അതിനെ “ധരിക്കുകയാണു’’ ചെയ്യുന്നത്.
പൗലൊസ് നമ്മോടു തുടർന്നു പറയുന്നു: “എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്‌നേഹം ധരിപ്പിൻ’’ (വാ. 14). എല്ലാ നല്ല കാര്യങ്ങളും ദൈവത്തിൽ നിന്നാണ് വരുന്നതെന്ന കാര്യം ഓർത്തുകൊണ്ട്, “സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യണം” (വാ. 17) എന്ന് അവൻ നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മൾ മറ്റുള്ളവരോട് ദയ കാണിക്കുമ്പോൾ, നമ്മുടെ ആത്മാവ് ഉയർത്തപ്പെടുന്നു.
തിളങ്ങാനുള്ള അവസരങ്ങൾ
ഡൽഹിയിൽ താമസിച്ചിരുന്ന അമ്മയും ഭാര്യയുമായ ശീതൾ, മഹാമാരിയുടെ സമയത്ത് വരുമാനവും ഭക്ഷണവുമില്ലാതെ റോഡുകളിൽ കഴിയുന്ന കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് ആശങ്കാകുലയായി. അവരുടെ ദയനീയാവസ്ഥ കണ്ടറിഞ്ഞ ശീതൾ 10 പേർക്കുള്ള ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്തു. വാർത്ത പരന്നു, ഏതാനും എൻജിഒകൾ ശീതളിനെ സഹായിക്കാൻ മുന്നോട്ടുവന്നു, ഇത് “പ്രോജക്റ്റ് അന്നപൂർണ്ണ”യുടെ പിറവിയിലേക്കു നയിച്ചു. ഒരു ദിവസം 10 പേർക്കു ഭക്ഷണം വിളമ്പുകയെന്ന ഒരു സ്ത്രീയുടെ ലക്ഷ്യം, പ്രതിദിനം 60,000ത്തിലധികം പ്രതിദിന വേതനക്കാരെ സേവിക്കുന്ന 50 സന്നദ്ധപ്രവർത്തകർ ഉള്ള ഒരു പ്രസ്ഥാനംഎന്ന നിലയിലേക്കു വളർന്നു.
കൊറോണ വൈറസ് മഹാമാരിയുടെ ഫലമായുണ്ടായ ഭീമാകാരമായ ആവശ്യങ്ങൾക്ക് പ്രതികരണമായി, സേവനത്തിനു യാതൊരു സാധ്യതയുമില്ലാത്ത പങ്കാളികളെ ഒരുമിച്ചു കൊണ്ടുവരികയും, യേശുവിൽ വിശ്വസിക്കുന്നവർക്ക് ക്രിസ്തുവിന്റെ വെളിച്ചം മറ്റുള്ളവരുമായി പങ്കിടാൻ പുതിയ അവസരങ്ങൾ നൽകുകയും ചെയ്തു. തന്റെ ഗിരിപ്രഭാഷണത്തിൽ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചത് “മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ” (മത്തായി 5:16) എന്നാണ്. സ്‌നേഹത്തിലും ദയയിലും നല്ല വാക്കുകളിലും പ്രവൃത്തികളിലും നമ്മെ നയിക്കാൻ ആത്മാവിനെ അനുവദിച്ചുകൊണ്ട് നാം ക്രിസ്തുവിന്റെ വെളിച്ചം പ്രകാശിപ്പിക്കുന്നു (ഗലാത്യർ 5:22-23 കാണുക). യേശുവിൽ നിന്ന് നമുക്ക് ലഭിച്ച വെളിച്ചം നമ്മുടെ ദൈനംദിന ജീവിതത്തിൽ വ്യക്തമായി പ്രകാശിക്കാൻ അനുവദിക്കുമ്പോൾ, നാം '[നമ്മുടെ] സ്വർഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തുകയാണു' ചെയ്യുന്നത് (മത്തായി 5:16).
ക്രിസ്തുവിനെ പരിതാപകരമായ നിയയിൽ ആവശ്യമുള്ള ഒരു ലോകത്ത് ഉപ്പും വെളിച്ചവുമാകാൻ അവൻ നമ്മെ സഹായിക്കുമ്പോൾ, ഈ ദിവസവും എല്ലാ ദിവസവും നമുക്ക് ക്രിസ്തുവിനുവേണ്ടി പ്രകാശിക്കാം.
എന്നെ നിർമ്മിക്കൽ
ഏഴുവയസ്സുകാരനായ തോമസ് എഡിസൺ സ്‌കൂളിൽ പോകാനിഷ്ടപ്പെടുകയോ നന്നായി പഠിക്കുകയോ ചെയ്തില്ല. ഒരു ദിവസം, ഒരു അധ്യാപകൻ അവനെ “മാനസിക വൈകല്യമുള്ളവൻ’’ എന്നുപോലും വിളിച്ചു. അവൻ കലിതുള്ളി വീട്ടിലെത്തി. അടുത്ത ദിവസം അധ്ാപകനുമായി സംസാരിച്ച ശേഷം, പരിശീലനം ലഭിച്ച അധ്യാപികയായ അവന്റെ അമ്മ, തോമസിനെ വീട്ടിൽ പഠിപ്പിക്കാൻ തീരുമാനിച്ചു. അവളുടെ സ്‌നേഹവും പ്രോത്സാഹനവും (ദൈവം നൽകിയ പ്രതിഭയും) മൂലം തോമസ് ഒരു മികച്ച കണ്ടുപിടുത്തക്കാരനായി മാറി. പിന്നീട് അദ്ദേഹം എഴുതി, “എന്റെ അമ്മ എന്നെ നിർമ്മിച്ചു. അവൾ വളരെ സത്യമാണ്, എന്നെക്കുറിച്ച് വളരെ ഉറപ്പായിരുന്നു, എനിക്ക് ജീവിക്കാൻ ഒരാളുണ്ടെന്ന് എനിക്കു തോന്നി, ഞാൻ നിരാശപ്പെടുത്തരുത്.’’
പ്രവൃത്തികൾ 15 ൽ, യോഹന്നാൻ മർക്കൊസിനെ കൂട്ടിക്കൊണ്ടുപോകണോ വേണ്ടയോ എന്ന കാര്യത്തിൽ വലിയ അഭിപ്രായവ്യത്യാസമുണ്ടാകുന്നതുവരെ ബർന്നബാസും അപ്പൊസ്തലനായ പൗലൊസും മിഷനറിമാരായി ഒരുമിച്ച് സേവനമനുഷ്ഠിച്ചുവെന്ന് നാം വായിക്കുന്നു. പൗലൊസ് എതിർത്തതിനു കാരണം മർക്കൊസ് മുമ്പെ പംഫുല്യയിൽനിന്ന് അവരെ വിട്ടുപോയി എന്നതായിരുന്നു (വാ. 36-38). തത്ഫലമായി, പൗലൊസും ബർന്നബാസും വേർപിരിഞ്ഞു. പൗലൊസ് ശീലാസിനെയും ബർന്നബാസ് മർക്കൊസിനെയും കകൂടെക്കൂട്ടി. മർക്കൊസിനു രണ്ടാമതൊരവസരം നൽകാൻ ബർന്നബാസ് തയ്യാറായിരുന്നു, അദ്ദേഹത്തിന്റെ പ്രോത്സാഹനം ഒരു മിഷനറിയായി സേവിക്കാനും വിജയിക്കാനുമുള്ള മർക്കൊസിന്റെ കഴിവിന് കാരണമായി. അവൻ മർക്കൊസിന്റെ സുവിശേഷം എഴുതുകയും തടവിലായിരിക്കുമ്പോൾ പൗലൊസിന് ആശ്വാസം നൽകുകയും ചെയ്തു (2 തിമൊഥെയൊസ് 4:11).
നമ്മിൽ പലർക്കും തിരിഞ്ഞു നോക്കി, നമ്മുടെ ജീവിതത്തിൽ നമ്മെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്ത ഒരാളെ ചൂണ്ടിക്കാണിക്കാൻ കഴിയും. നിങ്ങളുടെ ജീവിതത്തിൽ ആർക്കെങ്കിലും വേണ്ടി അതുപോലെ ചെയ്യാൻ ദൈവം നിങ്ങളെ വിളിക്കുന്നുണ്ടാകാം. നിങ്ങൾക്ക് ആരെ പ്രോത്സാഹിപ്പിക്കാനാവും?
യേശു ആരാണ്?
യേശു ആരാണെന്നാണ് ജനങ്ങൾ വിശ്വസിക്കുന്നത്? ചിലർ പറയുന്നു ഒരു നല്ല അദ്ധ്യാപകനായ ഒരു മനുഷ്യൻ മാത്രമെന്ന്. എഴുത്തുകാരനായ സി എസ് ലൂയിസ് പറയുന്നു: "ഈ വ്യക്തി ഒന്നുകിൽ ദൈവപുത്രനാണ്, അല്ലെങ്കിൽ ഒരു ഭ്രാന്തനോ അതിലും മോശക്കാരനോ ആകാം. നിങ്ങൾക്കദ്ദേഹത്തെ ഒരു വിഡ്ഢി എന്ന് വിളിക്കാം, മുഖത്ത് തുപ്പുകയോ ഒരു ഉപദ്രവം എന്നു കരുതി കൊല്ലുകയോ ആകാം; അല്ലെങ്കിൽ അവന്റെ പാദങ്ങളിൽ വീണ് കർത്താവും ദൈവവുമായവനേ എന്ന് വിളിക്കാം. എന്നാൽ ഒരു കാരണവശാലും, പൊതുവെ പറഞ്ഞുകേൾക്കുന്ന വിധത്തിൽ, കേവലം മനുഷ്യനായ ഒരു മഹാഗുരു എന്ന ഭോഷത്വം പറയരുത്.” തന്റെ മിയർ ക്രിസ്റ്റ്യാനിറ്റി എന്ന ഗ്രന്ഥത്തിലുള്ളതും ഈയിടെ പ്രസിദ്ധമായിത്തീർന്നതുമായ ഈ വാക്കുകൾ പറയുന്നത് യേശു താൻ ദൈവമാണെന്ന് അവകാശപ്പെട്ടത് വ്യാജമാണെങ്കിൽ അദ്ദേഹം ഒരു പ്രവാചകൻ പോലും ആകുകയില്ല എന്നാണ്. അത് ഏറ്റവും വലിയ ദൈവനിന്ദ മാത്രമായിരിക്കും.
ഗ്രാമങ്ങൾ തോറും സഞ്ചരിക്കുന്നതിനിടയിൽ യേശു ശിഷ്യന്മാരോട് ചോദിച്ചു: "ജനങ്ങൾ എന്നെ ആർ എന്ന് പറയുന്നു?" (മർക്കൊസ് 8:27). അവരുടെ ഉത്തരം യോഹന്നാൻ സ്നാപകൻ, ഏലിയാവ്, ആ പ്രവാചകരിൽ ഒരുവൻ എന്നൊക്കെയായിരുന്നു (വാ. 28). എന്നാൽ അവർ എന്താണ് വിശ്വസിക്കുന്നത് എന്ന് യേശുവിന് അറിയണമായിരുന്നു: "എന്നാൽ നിങ്ങൾ എന്നെ ആർ എന്ന് പറയുന്നു?" പത്രോസ് ഉടനെ പറഞ്ഞു: "നീ ക്രിസ്തു ആകുന്നു" (വാ.29) - അതായത് രക്ഷകൻ.
യേശു ആരാണെന്നാണ് നാം പറയുന്നത്? യേശു തന്നെക്കുറിച്ച് പറഞ്ഞ പ്രസ്താവന പ്രകാരം താൻ ഒരു നല്ല ഗുരുവോ പ്രവാചകനോ ആകാൻ കഴിയില്ല: ഞാനും പിതാവും "ഒന്നാകുന്നു" (യോഹന്നാൻ 10:30) എന്നാണത്. അവന്റെ ശിഷ്യന്മാരും, എന്തിനധികം ഭൂതങ്ങൾ പോലും, ദൈവപുത്രൻ എന്ന് വിളിച്ച് തന്റെ ദൈവത്വം പ്രഖ്യാപിച്ചിട്ടുണ്ട് (മത്തായി 8:29; 16:16; 1 യോഹന്നാൻ 5:20). നമുക്കും ദൈവകൃപയിൽ ആശ്രയിച്ച് ക്രിസ്തു ആരാണ് എന്ന യാഥാർത്ഥ്യം പ്രസിദ്ധപ്പെടുത്തുന്നവരാകാം.
ക്രൂശിന്റെ സന്ദേശം
"ദൈവവുമില്ല, മതവുമില്ല, ഒന്നുമില്ല" എന്ന പഠിപ്പിക്കലിലാണ് മുകേഷ് വളർന്നത്. തന്റെ നാട്ടിലെ ജനത്തിന് സ്വാതന്ത്ര്യവും ജനാധിപത്യവും ലഭിക്കുവാനായി "സമാധാനപരമായ പ്രക്ഷോഭങ്ങൾ" നടത്തുവാൻ അവൻ വിദ്യാർത്ഥികളെ സഹായിച്ചു. എന്നാൽ ദാരുണമെന്ന് പറയട്ടെ സർക്കാരിന്റെ ഇടപെടൽ മൂലം അനേകർക്ക് ജീവൻ നഷ്ടപ്പെട്ടു. മുകേഷ് തന്റെ രാജ്യത്തെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ആയി. ചുരുങ്ങിയ കാലത്തെ ജയിൽവാസത്തിന് ശേഷം വളരെ ദൂരെയുള്ള ഒരു ഗ്രാമത്തിലേക്ക് താൻ പോയി. അവിടെ ഒരു പ്രായമായ കർഷക സ്ത്രീ അവനു ക്രിസ്തു യേശുവിനെ പരിചയപ്പെടുത്തി. അവളുടെ കയ്യിൽ, യോഹന്നാന്റെ സുവിശേഷത്തിന്റെ ഒരു കൈയെഴുത്തു പ്രതി മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ അവൾക്ക് വായിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് അവൾ മുകേഷിനോട് അത് വായിക്കുവാൻ ആവശ്യപ്പെട്ടു. അവൻ വായിച്ചപ്പോൾ അവൾ അത് അവന് വിവരിച്ചു കൊടുത്തു - ഒരു വർഷത്തിന് ശേഷം അവൻ യേശുവിന്റെ ഒരു വിശ്വാസിയായി മാറി.
താൻ അനുഭവിച്ച സകലത്തിലും കൂടി ദൈവം തന്നെ ശക്തമായി ക്രൂശിലേക്ക് നയിക്കുകയായിരുന്നു. അവിടെ അവൻ അപ്പോസ്തലനായ പൗലോസ് 1 കൊരിന്ത്യരിൽ പറയുന്നതു നേരിട്ട് അനുഭവിച്ചറിഞ്ഞു, "ക്രൂശിന്റെ വചനം... രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു" (1:18). പലരും ഭോഷത്വമെന്ന് കരുതിയ ബലഹീനത മുകേഷിന്റെ ശക്തിയായി മാറി. നമ്മിൽ പലരും ക്രിസ്തുവിൽ വരുന്നതിന് മുൻപ് ഇതു തന്നെയായിരുന്നു ചിന്തിച്ചിരുന്നത്. എന്നാൽ പരിശുദ്ധാത്മാവിനാൽ ദൈവത്തിന്റെ ശക്തിയും ജ്ഞാനവും നമ്മുടെ ജീവിതത്തിലേക്ക് കടന്നുകയറുകയും നമ്മെ ക്രിസ്തുവിലേക്ക് നയിക്കുകയും ചെയ്തു. ഇന്ന് മുകേഷ് ഒരു പാസ്റ്ററായി സേവനമനുഷ്ഠിച്ചു കൊണ്ട്, തന്നെ കേൾക്കുന്ന ഏവരോടും ക്രൂശിന്റെ സത്യങ്ങളെ പങ്കുവയ്ക്കുന്നു.
യേശുവിന് എത്ര കഠിന ഹൃദയത്തെയും മാറ്റുവാൻ ശക്തിയുണ്ട്. ഇന്ന് ആർക്കാണ് തന്റെ ശക്തമായ സ്പർശനം ആവശ്യമുള്ളത്?
സൂത്രവാക്യം ആവശ്യമില്ല
മേഘ്ന ചെറുപ്പമായിരുന്നപ്പോൾ അവളുടെ സൺഡേ സ്കൂൾ ടീച്ചർ സദുദ്ദേശ്യത്തോടു കൂടെ സുവിശേഷീകരണ പരീശീലനത്തെപ്പറ്റി അവരെ പഠിപ്പിച്ചിരുന്നു. അതിൽ വാക്യങ്ങൾ മനഃപാഠമാക്കുന്ന ഒരു ക്രമവും, സുവിശേഷം പങ്കിടുവാൻഒരു സൂത്രവാക്യവും ഉൾപ്പെട്ടിരുന്നു. ഒരുസുപ്രധാന വാക്യമോ,അതിന്റെ ക്രമമോമറക്കുമോ എന്ന് ഭയന്ന് അവളും ഒരു സുഹൃത്തും മറ്റൊരു സുഹൃത്തിന്റെ അടുക്കൽ ഇത് പരീക്ഷിച്ചു. ഒരു പരിവർത്തനത്തിൽഅത് കലാശിച്ചോ എന്ന് മേഘ്ന ഓർക്കുന്നില്ല (ഇല്ലെന്ന് ഊഹിക്കുന്നു). ആ സമീപനം,വാസ്തവത്തിൽ വ്യക്തിയെക്കാൾ ഉപരി സൂത്രവാക്യത്തിന്നാണ് പ്രാധാന്യം നല്കിയിരുന്നത്.
ഇപ്പോൾ വർഷങ്ങൾക്കു ശേഷം, മേഘ്നയും ഭർത്താവും സ്വന്തം കുട്ടികൾക്ക്,കൂടുതൽ ആകർഷകമായ രീതിയിൽ ദൈവത്തോടുള്ള സ്നേഹവും വിശ്വാസവും പങ്കിടുന്നതിന്റെ മാതൃക കാണിച്ചു കൊടുക്കുന്നു. ദൈവത്തെക്കുറിച്ചും ബൈബിളിനെക്കുറിച്ചും, യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ മനസ്സിലാക്കുന്നു. ദൈവത്തോടും തിരുവെഴുത്തുകളോടുമുള്ള അവരുടെസ്നേഹത്തിന്റെജീവനുള്ള ദൈനംദിന മാതൃകയിലൂടെ അവർ അതു ചെയ്യുന്നു. "ലോകത്തിന്റെ വെളിച്ചം" (മത്തായി 5:14) ആകുന്നതിന്റെഅർത്ഥം എന്താണെന്നും, ദയയും ഔദാര്യവുമുള്ളവാക്കുകളിലൂടെ മറ്റുള്ളവരിലേക്ക് എത്തുന്നതിന്റെരീതിയും അവർ അവരെബോദ്ധ്യപ്പെടുത്തുന്നു.മേഘ്ന പറയുന്നു, "നമ്മുടെ സ്വന്തം ജീവിതത്തിൽഇല്ലെങ്കിൽ നമുക്ക് മറ്റുള്ളവർക്ക് ജീവന്റെ വാക്കുകൾ പകർന്നു നൽകാൻ കഴിയില്ല." അവളും ഭർത്താവും സ്വന്തം ജീവിത ശൈലിയിൽ കനിവ് പ്രകടിപ്പിക്കുമ്പോൾ, അവർ തങ്ങളുടെ കുഞ്ഞുങ്ങളെയും,"മറ്റുള്ളവരെ തങ്ങളുടെ വിശ്വാസത്തിലേക്ക് ക്ഷണിക്കുവാൻ" തയ്യാറാക്കുകയാണ്.
മറ്റുള്ളവരെ യേശുവിലേക്ക് നയിക്കുവാൻ നമുക്ക് ഒരു സൂത്രവാക്യം ആവശ്യമില്ല - ഏറ്റവും പ്രധാനം ദൈവത്തോടുള്ള സ്നേഹം നമ്മെ നിർബ്ബന്ധിക്കുകയും നമ്മിലൂടെ പ്രകാശിക്കുകയും ചെയ്യുക എന്നുള്ളതാണ്. നാം അവിടുത്തെ സ്നേഹത്തിൽ ജീവിക്കുകയും അത് പങ്കിടുകയും ചെയ്യുമ്പോൾ, ദൈവം തന്നെ അറിയുവാൻ മറ്റുള്ളവരെയും ആകർഷിക്കുന്നു.
"കഴിയില്ല" എന്ന് ഒരിക്കലും പറയരുത്
ജെൻ കാലുകളില്ലാതെ ജനിക്കുകയും ആശുപത്രിയിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. എന്നിട്ടും അവൾ പറയുന്നത്, അവൾ ഉപേക്ഷിക്കപ്പെട്ടത് ഒരു അനുഗ്രഹമായിത്തീർന്നു എന്നാണ്. "എന്നിലേക്ക് ഒഴുകിയെത്തിയ ആളുകൾ നിമിത്തമാണ് ഞാൻ ഇന്ന് ജീവിക്കുന്നത്." അവൾ ഇങ്ങനെ ജനിച്ചത് “ഒരു പ്രത്യേക കാര്യത്തിനു വേണ്ടി” ആണെന്നു അവളെ ദത്തെടുത്ത കുടുംബം അവളോടു പറയുമായിരുന്നു. “എനിക്കു കഴിയില്ല" എന്ന് അവൾക്ക് ഒരിക്കലും പറയാൻ ഇടയാകാതെ, അവളുടെ എല്ലാ പരിശ്രമങ്ങളിലും അവളെ പ്രോത്സാഹിപ്പിക്കുവാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു - അവൾ ഒരു പ്രഗത്ഭയായ അക്രോബാറ്റും വ്യോമാഭ്യാസിയുമാകുന്നത് വരെ!“എനിക്ക് എങ്ങനെ ഇത് കീഴടക്കുവാൻ കഴിയും?”എന്ന മനോഭാവത്തോടെ അവൾ വെല്ലുവിളികളെ നേരിടുന്നു. മറ്റുള്ളവരെയും അങ്ങനെ ചെയ്യുവാൻ പ്രേരിപ്പിക്കുന്നു.
കഴിവില്ലാത്തതോ യോഗ്യതയില്ലാത്തതോ ആയ പലരെയും ദൈവം ഉപയോഗിച്ച കഥകൾ ബൈബിൾ പറയുന്നു - അവരുടെ കഴിവിനപ്പുറമായി ദൈവം അവരെ ഉപയോഗിക്കുന്നു. മോശെ ഒരു മികച്ച ഉദാഹരണമാണ്. ഈജിപ്തിൽ നിന്ന് ഇസ്രായേല്യരെ നയിക്കുവാൻ ദൈവം അവനെ വിളിച്ചപ്പോൾ, അവൻ വിസമ്മതിച്ചു "ഞാൻ വിക്കനും തടിച്ചനാവുള്ളവനും ആകുന്നു എന്നു പറഞ്ഞു"(പുറപ്പാട് 4:10). ദൈവം മറുപടി പറഞ്ഞു, "ആരാണ് മനുഷ്യർക്ക് വായ നൽകിയത്? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക; ഞാൻ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും "(4:10-12). മോശെ പിന്നെയും പ്രതിഷേധിച്ചപ്പോൾ, ദൈവം അവനു വേണ്ടി സംസാരിക്കുവാൻ അഹരോനെ അനുവദിക്കുകയും അവൻ ജനത്തോടു സംസാരിക്കും എന്ന് ഉറപ്പുനൽകുകയും ചെയ്തു (4:13-16).
ജെന്നിനെപ്പോലെ, മോശെയെപ്പോലെ, നാമെല്ലാവരും ഇവിടെ ആയിരിക്കുന്നത് ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തിനു വേണ്ടിയാണ് - ദൈവം കൃപയോടെ അതിനായി നമ്മെ സഹായിക്കുകയും നമ്മെ അതിനു സഹായിക്കുവാൻ ആളുകളെ ഒരുക്കുകയും ചെയ്യുന്നു. അങ്ങനെ, അവനുവേണ്ടി ജീവിക്കുവാൻ ആവശ്യമുള്ളത് അവൻ നമുക്കായി കരുതുന്നു.